വിദ്യാഭ്യാസ വായ്പ വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കാൻ ബാങ്കുകൾ കയറിയിറങ്ങേണ്ട. അപക്ഷകർ ‘വിദ്യാലക്ഷ്മി’ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്രധനമന്ത്രാലയം നിർദേശിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് അതത് ബാങ്കുകളിലെത്തി. രക്ഷിതാക്കൾക്ക് ബാങ്കിൽ അക്കൗണ്ട് വേണമെന്നതടക്കമുള്ള നിബന്ധനകളും ഒഴിവായി. ഒരേസമയം ഒന്നിലേറെ ബാങ്കുകളിൽ വായ്പയ്ക്കപേക്ഷിക്കാം.രണ്ടുവർഷംമുമ്പാണ് കേന്ദ്രസർക്കാർ ഈ വെബ്സൈറ്റ് തുടങ്ങിയത്. ഇതിന്റെ പ്രയോജനം വായ്പയെടുക്കുന്നവർക്ക് കിട്ടിയിരുന്നില്ല. ഈ അധ്യയനവർഷം മുതലാണ് ഓൺലൈൻ അപേക്ഷ നിർബന്ധമാക്കിയത്. അപേക്ഷകർ ചെയ്യേണ്ടത്: വിദ്യാലക്ഷ്മി വെബ്സൈറ്റ് തുറന്ന് രജിസ്േട്രഷൻ കോളം ക്ലിക്ക് ചെയ്യുക. ഓരോ ബാങ്കുകളും നൽകുന്ന വായ്പയുടെ വിവരങ്ങളും പലിശനിരക്കും ഈ സൈറ്റിലുണ്ടാകും മൊബൈൽ നമ്പറും ഇ-മെയിൽ വിലാസവും നൽകി യൂസർ ഐഡി ഉണ്ടാക്കുക. 24 മണിക്കൂറിനുള്ളിൽ ഈ മെയിലിലേക്ക് ലിങ്ക് കിട്ടും. ആ ലിങ്ക് ഉപയോഗിച്ചാണ് അപേക്ഷിക്കുക. പേരും വിലാസവും കോഴ്സും കോഴ്സിന്റെ കാലാവധിയുമെല്ലാം അതിൽ ചോദിച്ചിട്ടുണ്ടാകും. അതെല്ലാം പൂരിപ്പിച്ച് സമർപ്പിക്കണം. താമസസ്ഥലത്തിന് തൊട്ടടുത്ത പട്ടണത്തിലെ ബാങ്ക് ശാഖകളിലേ അപേക്ഷിക്കാൻ പാടുള്ളൂ. മാർക്ക് ലിസ്റ്റ്, ആധാർകാർഡ് എന്നിവ സ്കാൻ ചെയ്ത് അപേക്ഷയോടൊപ്പം കാണിക്കണം. ചേരാൻ ആഗ്രഹിക്കുന്ന കോഴ്സിന്റെ ഫീസ്ഘടന, കോളേജിന്റെ പേര് എന്നീ വിവരങ്ങളും ഉൾപ്പെടുത്തണം. അപേക്ഷകൾ 24 മണിക്കൂറിനുള്ളിൽ അതത് ശാഖകളിലെത്തും. ശാഖാമനേജർക്ക് കൂടുതലെന്തെങ്കിലും വിവരം അറിയണമെങ്കിൽ ഇ-മെയിൽ വഴി ചോദിക്കണം. ഒരുമാസത്തിനകം വായ്പ അനുവദിച്ചോ ഇല്ലയോ എന്ന വിവരം ഇ-മെയിലിൽ ലഭിക്കും. അപേക്ഷ നിരസിച്ചാൽ കൃത്യമായ കാരണം നൽകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് :വിദ്യാലക്ഷ്മി